മടങ്ങിവരുന്ന പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

0
SHARE THIS NEWS

കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികൾ വേണം വിമാനത്താവളത്തിൽ ഏർപ്പെടുത്താൻ. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂർ കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തിൽ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിർദേശം.

വിമാനങ്ങളിൽ വരുന്നവർക്ക് പരിശോധന നിർബന്ധമാക്കിയില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാകാൻ ഇടയാക്കും. എംബസികളിൽ ട്രൂനെറ്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഇടപെടൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക.

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്ന് സർക്കാർ ഈ തീരുമാനത്തിൽനിന്ന് പിന്നാക്കം പോയിരുന്നു. പുറത്തുനിന്ന് വരുന്നവർക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും രോഗപരിശോധന നടത്തണമെന്ന നിലപാടിലേയ്ക്ക് നീങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here