ശബരിമല തീര്‍ത്ഥാടനം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കൊവിഡ് ചികിത്സയ്ക്ക് ഇതരസംസ്ഥാനക്കാര്‍ പണം നല്‍കണം

0
SHARE THIS NEWS

ശബരിമലയിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. ശബരിമലയിലെത്തുന്ന കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതര സംസ്ഥാനക്കാരാണെങ്കില്‍ ചികിത്സക്ക് പണം നല്‍കണം. എവിടെയൊക്കെ ചികിത്സ ലഭ്യമാകും എന്നത് സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ധന വകുപ്പുകളുമായി ചര്‍ച്ച നടത്തിയശേഷമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകനാണെങ്കില്‍ ശബരിമലയിലെത്തിയശേഷം കൊവിഡ് സ്ഥിരീകരിച്ചാല്‍ എ പി എല്‍ ബി പി എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ നല്‍കും. സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാരുമായി കൊവിഡ് ചികിത്സക്ക് സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലോ പ്രവേശിക്കാം. ഇതര സംസ്ഥാന തീര്‍ത്ഥാടകനാണെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആകും ചികിത്സ. അതേസമയം കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകന് കൊവിഡ് ഇതര രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സ സൗജന്യമായിരിക്കില്ല. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികളില്‍ നല്‍കുന്ന പ്രാഥമിക ചികിത്സകള്‍ക്കുശേഷം തുക ഈടാക്കിയാകും തുടര്‍ ചികില്‍സ നല്‍കുക.

വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും അല്ലാത്ത ദിവസങ്ങളില്‍ ആയിരം തീര്‍ഥാടകര്‍ക്കുമാണ് മലകയറാന്‍ അനുമതി. ഇവര്‍ മലകയറുമ്പോഴും ദര്‍ശനത്തിന് നില്‍ക്കുമ്പോഴും കൃത്യമായ ശാരീരിക അകലം പാലിക്കണം. 30 മിനിട്ട് ഇടവിട്ട് കൈകള്‍ വൃത്തിയാക്കണം. കൊവിഡ് വന്നുപോയവര്‍ ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതണമെന്ന നിര്‍ദേശവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here