തിരുവമ്പാടി പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം നൽകി

0
SHARE THIS NEWS

സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു

12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്.

സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയായി ഖരമാലിന്യ സംസ്‌കരണത്തില്‍ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവി അംഗീകാരം തിരുവമ്പാടി പഞ്ചായത്തിനും ലഭിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് ലഭിച്ച അംഗീകാരപ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് പി.ടി അഗസ്റ്റിൻ നിർവ്വഹിച്ചു. മൊമൻ്റോയും സർട്ടിഫിക്കറ്റും ഹരിത കേരള മിഷൻ ജില്ല കോഡിനേറ്റർ പി.പ്രകാശൻ പഞ്ചായത്ത് പ്രസിഡൻ്റിനും, സെക്രട്ടറിക്കും കൈമാറി.

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്.

തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ കെ ആർ ഗോപാലൻ, സുഹറ മുസ്തഫ, സ്മിത ബാബു, റംല ചോലക്കൽ, ഗീത പ്രശാന്ത്, ബിന്ദു ജയിംസ്, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ്, VEOമാരായ സബീഷ്, റുബീന, ഹരിത കർമ്മസേന കോഡിനേറ്റർ റെനിൽ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here