പന്തീരാങ്കാവ് (കോഴിക്കോട്): ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് 'അബാക്കസ്' ബിൽഡിംഗിന്റെ ഏഴാം നിലയിൽ നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി. ഹൗസിൽ മുഹമ്മദ് ഹാജിഷ്- ആയിഷ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്.
കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാൽക്കണിയിൽ കയറുകയും, തുടർന്ന് ഏഴാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ശക്തമായ ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും, സമീപവാസികളും ചേർന്ന് ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവാൻ ഹൈബലിന്റെ ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. പ്രദേശവാസികൾക്കും, സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഈ ദുരന്തം താങ്ങാനാവാത്ത വേദനയാണ് നൽകിയത്. കുട്ടിയുടെ അകാലത്തിലുള്ള വേർപാട് ഏവർക്കും നൊമ്പരമായി.
മുഹമ്മദ് ഹാജിഷിന്റെയും ആയിഷയുടെയും ഏക മകനായിരുന്നു ഇവാൻ. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിൽഡിംഗിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനും, അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും പോലീസ് ശ്രമിക്കുന്നുണ്ട്.