മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിൻ്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെതിരെ നടപടി സ്വീകരിച്ചത്.
മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാലിന്റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു.
നാട്ടുകാരെ ആശങ്കപ്പെടുത്തുകയും ഭീതിയിലാക്കുകയും ചെയ്തതിനാൽ ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്ന് ജെറിൻ അവകാശപ്പെട്ടിരുന്നു. സുഹൃത്തിനൊപ്പം ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്ര. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നുവെന്നും ജെറിൻ പറഞ്ഞു. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ലെന്നും, ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടു.
എന്നാൽ ജെറിൻ പറഞ്ഞത് പച്ചക്കള്ളമെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. മൂന്നു വർഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് ചോദ്യം ചെയ്തു. വാർത്ത പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ ജെറിനിൽ നിന്നും വനംവകുപ്പ് വിവരം ശേഖരിച്ചു. തുടർന്ന് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചു. ആദ്യം വാച്ചർമാരടക്കം ചോദിച്ചപ്പോൾ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.