Trending

റീൽസ് ഡാൻസർ ജുനൈദിന്റെ അപകടമരണം: അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷണം


മഞ്ചേരി: റീൽസ് ഡാൻസറായ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചതായി അധികൃതർ അറിയിച്ചു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും.

ജുനൈദിന്റെ കുടുംബം മരണത്തിൽ പരാതി നൽകിയിട്ടില്ല. ഇന്നലെ വൈകിട്ട് മഞ്ചേരി-വഴിക്കടവ് റോഡിലെ തൃക്കലങ്ങോട് മരത്താണി വളവിലാണ് അപകടമുണ്ടായത്. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതായാണ് പ്രാഥമിക നിഗമനം.

റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ആദ്യം കണ്ടത് ബസ് ജീവനക്കാരാണ്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.

അറിയപ്പെട്ട ടിക് ടോക് താരവും റീൽസ് ഡാൻസറുമായിരുന്നു ജുനൈദ്. നേരത്തെയും വിവാദങ്ങളിൽ ഇദ്ദേഹത്തിന് ഇടം ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് ബെംഗളൂരു എയർപോർട്ട് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post