വാഷിംഗ്ടൺ: ലോകം ഒന്നടങ്കം കാത്തിരുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ച് വരവ് വിജയകരമായി പൂര്‍ത്തിയായി. ഇന്ന് പുലർച്ചെ 3.30ന് മെക്സിക്കൻ ഉൾക്കടലിൽ, ഫ്ലോറിഡയ്ക്ക് സമീപം, പാരച്ച്യൂട്ടുകളുടെ സഹായത്തോടെ പേടകം സുരക്ഷിതമായി അടങ്ങിയിറങ്ങി. നാസയുടെ നിയന്ത്രണത്തിലുള്ള അമേരിക്കൻ സൈന്യത്തിൻ്റെ കപ്പലുകളിലൂടെയാണ് ഇരുവരെയും സുരക്ഷിതമായി കരയിലെത്തിച്ചത്.
ജൂൺ 5ന് ബോയിങ് സ്റ്റാർലൈനറിലാണ് സുനിതയും വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. പ്രാഥമികമായി ജൂൺ പകുതിയോടെ തിരികെയെത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും ത്രസ്റ്ററുകളുടെ തകരാറുകൾ കാരണം മടക്കയാത്ര പലതവണ അനിശ്ചിതമായി നീണ്ടു. ജൂൺ 14ന് മടങ്ങേണ്ടതായിിരുന്ന യാത്ര പല ഘട്ടങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം വൈകുകയായിരുന്നു.
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ നിലയത്തിന് സമീപത്തെത്തിയപ്പോഴേക്കും ഹീലിയം വാതകച്ചോർച്ചയും ചില യന്ത്രഭാഗങ്ങളുടെ പ്രവർത്തന തകരാറുകളും റിപ്പോർട്ട് ചെയ്തു. യാത്രികരുടെ സുരക്ഷയെ മുൻനിറുത്തിയായിരുന്നു മടക്കയാത്ര തുടരാൻ നാസ എടുത്ത തീരുമാനം.
പല വീക്ഷണങ്ങളും പഠനങ്ങളും നടത്തിയതിന് ശേഷം, ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സ് കമ്പനിയുടെ ക്രൂ-9 മിഷൻ വഴി സുനിതയേയും വിൽമോറിനേയും ഡ്രാഗൺ സ്‌പേസ് ക്രാഫ്റ്റ് ഉപയോഗിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഇതോടെ ബഹിരാകാശ ദൗത്യത്തിന്റെയും തിരിച്ച് വരവിന്റെയും അനിശ്ചിതത്വങ്ങൾ അവസാനിച്ചു.