താമരശ്ശേരി: താമരശ്ശേരിയിൽ ഷഹബാസ് കൊല്ലപ്പെട്ട കേസിൽ ഒരു വിദ്യാർത്ഥി കൂടി പോലീസ് കസ്റ്റഡിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഈ വിദ്യാർത്ഥിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
നേരത്തെ ഈ കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. ഇന്നലെ ഇവർ പത്താം ക്ലാസ് പരീക്ഷ എഴുതിയതിനെതിരെ പ്രതിപക്ഷ സംഘടനകൾ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. പ്രതികളെ പാർപ്പിച്ചിരുന്ന വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് അടുത്തുള്ള സ്കൂളുകൾ പരീക്ഷാ കേന്ദ്രമായി പരിഗണിച്ചെങ്കിലും പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു.
കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ-സംസ്ഥാന നേതാക്കൾ ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പന്ത്രണ്ട് മണിയോടെ പരീക്ഷ പൂർത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. പ്രതികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകിയത് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിൻ്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, കേസ് അന്വേഷിക്കുന്ന താമരശ്ശേരി പോലീസ് പ്രധാന പ്രതിയുടെ പിതാവിനെയും കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനത്തിലാണ് പോലീസ് ഈ നീക്കം നടത്തുന്നത്. ഇയാൾ താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷൻ-രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയുടെ പിതാവ് പോലീസ് ഡ്രൈവറാണ്. ഇയാൾ ജില്ലയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ്റെ ഡ്രൈവറാണ് ഇപ്പോൾ. പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പ്രതികൾ കഴിഞ്ഞ വർഷം താമരശ്ശേരി സ്കൂളിലുണ്ടായ സംഘർഷത്തിൽ പങ്കാളികളായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവർ ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസ്സുകാരെ ആക്രമിക്കുകയും ഒരു വിദ്യാർഥിനിക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു.