കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് വിദഗ്‌ധസമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്.
തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ് നടത്തുകയും നിരീക്ഷണം ശക്തമാക്കുകയും വേണം. ടണൽ റോഡിന്റെ ഇരുവശങ്ങളിലും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകുന്നതിനായി കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിനായി നിരീക്ഷണം ശക്തമാക്കുകയും അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കാൻ 3.0579 ഹെക്‌ടർ വനഭൂമി ഏറ്റെടുക്കുകയും വേണം. നിർമാണ പ്രവർത്തനങ്ങൾ ഭൂമിയുടെ ഘടന അനുസരിച്ച് ടണലിങ് രീതികൾ മുൻഗണന നൽകിക്കൊണ്ടാകണമെന്നും നിർമാണത്തിനായി എത്തിക്കുന്ന തൊഴിലാളികൾക്ക് മതിയായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്.
2134 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനാണ് തുരങ്കം നിർമിക്കുന്നതിന് കരാർ നൽകിയിരിക്കുന്നത്. സമീപനറോഡുകളുടെ നിർമാണ ചുമതല റോയൽ ഇൻഫ്രാസ്ട്രക്‌ചർ കമ്പനിക്കാണ്. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. നിർമാണാവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം മാത്രമാണ് ഇപ്പോഴും ഏറ്റെടുക്കേണ്ടത്.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ ആരംഭിച്ച് വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. തുരങ്കപാതയുടെ നിർമ്മാണ പുരോഗതി നിരീക്ഷിക്കുന്നതിനായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുകയും ഓരോ ആറുമാസവും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കരാർ കമ്പനികൾ എല്ലാ വ്യവസ്ഥകളും പാലിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.