കോഴിക്കോട് വഴി ബംഗളൂരുവിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളമായ താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയും ഉൾപ്പെടുന്ന താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ കുറച്ചുകാലമായി പുറത്തുവരുന്നത് ആശങ്കാജനകമായ വാർത്തകളാണ്.
ലഹരി മാഫിയയുടെ വിളയാട്ടവും നാട്ടുകാരുടെ സ്വൈര്യജീവിതം തകരുന്നതും, ഈ സംഘങ്ങൾക്കെതിരെ നാട്ടുകാർ നടത്തുന്ന ചെറുത്തുനിൽപ്പും സംബന്ധിച്ച് നിരവധി തവണ വാർത്തകൾ വന്നിരുന്നു. ലഹരി ശൃംഖലയുടെ പ്രവർത്തനം താഴെത്തട്ടിൽ വരെ എത്തിയ സാഹചര്യത്തിൽ നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ലഹരി മാഫിയയുടെ ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.
അടിവാരത്ത് ഒരു പോലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതിനെക്കുറിച്ചും രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കേണ്ടതിനെക്കുറിച്ചും നാട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ല. ഇതിനിടെ ഈങ്ങാപ്പുഴയ്ക്ക് സമീപം കാൻസർ ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്ന ഉമ്മയെ ലഹരിക്ക് അടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലഹരി തലയ്ക്ക് കയറി ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്ക് വെട്ടിയ ജ്യേഷ്ഠൻ, വീടിന് പുറത്ത് സിസിടിവി സ്ഥാപിച്ചതിന്റെ പേരിൽ ലഹരി മാഫിയയുടെ മർദ്ദനത്തിന് ഇരയായ ഗൃഹനാഥൻ, ഒടുവിൽ പോലീസിനെ കണ്ട് കൈയിലിരുന്ന എം.ഡി.എം.എ വിഴുങ്ങി മരിച്ച ഷാനിദിന്റെ ദാരുണമായ സംഭവം വരെ. ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികളാണെന്ന വിവരം താമരശ്ശേരിയിലെ സാധാരണക്കാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
താമരശ്ശേരി പോലീസ് മാത്രം ഒരു വർഷം രജിസ്റ്റർ ചെയ്തത് 74 കേസുകളാണ്. ഇതിൽ 20 എണ്ണം വലിയ അളവിൽ എം.ഡി.എം.എ പിടികൂടിയ കേസുകളാണ്. 48 കേസുകൾ എക്സൈസും രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന രാസലഹരിയുടെ പ്രധാന വിതരണ കേന്ദ്രമായി താമരശ്ശേരി ചുരം മാറിയിട്ട് കാലങ്ങളായി. അടുത്തകാലത്ത് താമരശ്ശേരി ചുരത്തിൽ മറിഞ്ഞ ഒരു ജീപ്പിൽ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.