Trending

താമരശ്ശേരിയിലെ മോഷണ പരമ്പര: പ്രതി പിടിയിൽ


താമരശ്ശേരി: താമരശ്ശേരിയില്‍ അടുത്തിടെയായി നടന്ന മോഷണ പരമ്പരയിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി വിളയിൽ സ്വദേശി പടിഞ്ഞാറ്റതിൽ എ ഷാജിമോൻ എന്ന ഓന്തുഷാജിയാണ് (46) പിടിയിലായത്. താമരശ്ശേരി ഇൻസ്‌പെക്ടർ എ സായൂജ് കുമാറും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വെച്ചാണ് അറസ്റ്റ് നടന്നത്.

താമരശ്ശേരിയിലെ മോഷണ പരമ്പരയെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന സമാനമായ മോഷണ രീതികൾ നിരീക്ഷിച്ചും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലൂടെയാണ് ഷാജിമോൻ വലയിലായത്. കോഴിക്കോട്ട് എത്തി ജില്ലയിലെ കാരന്തൂർ, കൊടുവള്ളി എന്നിവിടങ്ങളിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ. രണ്ടു വർഷം മുൻപ് താമരശ്ശേരിയിലെ പൊടുപ്പിൽ എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങി വെൽഡിംഗ് ജോലിയും ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് പ്രദേശത്ത് ആദ്യ മോഷണം നടക്കുന്നത്. ഒന്നര മാസങ്ങൾക്കുള്ളിൽ ഒൻപത് വീടുകളിൽ നിന്നായി 25 പവൻ സ്വർണവും പണവും ഇയാൾ കവർന്നു.

കോരങ്ങാട് മാട്ടുമ്മൽ ഷാഹിദയുടെ വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് പത്തര പവൻ സ്വർണവും പ്രദേശത്തുകാരിയായ ഷൈലജയുടെ വീട്ടിൽ കയറി അരലക്ഷം രൂപയും താമരശ്ശേരി മഞ്ചട്ടി സ്വദേശിനി രമയുടെ വീട്ടിൽ നിന്ന് ആറ് ഗ്രാം സ്വർണവും 20,000 രൂപയും മനോജിന്റെ വീട്ടിൽ നിന്ന് ആറര പവൻ സ്വർണവും 3,60,000 രൂപയും കോരങ്ങാട് റംലയുടെ വീട്ടിൽ നിന്ന് എട്ട് പവൻ സ്വർണവും 10,000 രൂപയും പ്രതി മോഷ്ടിച്ചു. ജില്ലയിൽ തന്നെയുള്ള പന്തീരാങ്കാവ്, പെരുമൺപുറ, പെരുമണ്ണ, പട്ടേരി ക്രോസ് റോഡ്, കുരിക്കത്തൂർ, കുറ്റിക്കാട്ടൂർ, ആനശ്ശേരി, കൊടുവള്ളി, ചുണ്ടപ്പുറം എന്നിവിടങ്ങളിലെ വീടുകൾ, അമ്പലങ്ങൾ എന്നിവിടങ്ങളിലും മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. 2015 മുതൽ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി അൻപതോളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.

ഷാജിമോന്റെ പെരുമാറ്റത്തിൽ നാട്ടുകാർക്ക് സംശയം ഒന്നും തോന്നിയിരുന്നില്ല. ദിവസങ്ങൾക്ക് മുൻപ് സിസിടിവിയിൽ പതിഞ്ഞ തന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഷാജിമോൻ ഊട്ടിയിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഗൂഡല്ലൂരിൽ വെച്ച് പിടിയിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താമരശ്ശേരി എസ്‌ഐ ആർസി ബിജു, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്‌ഐ രാജീവ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻഎം ജയരാജൻ, പിപി ജിനീഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് ഷാജിമോനെ പിടികൂടിയത്.

Post a Comment

Previous Post Next Post