മുക്കം: കോടികളുടെ ചിട്ടി തട്ടിപ്പിൽ ഏർപ്പെട്ട കമ്പനിയുടെ ഉടമകൾ മുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മലപ്പുറം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തു.
മുക്കം എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ റെയ്ഡ് നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനയിൽ കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചു ജില്ലകളിലായി പതിന്നാല് ശാഖകളിലൂടെ പ്രവർത്തിച്ചിരുന്ന കമ്പനിയിൽ നിന്ന് 40 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. മുക്കം ശാഖയിൽ മാത്രം എണ്ണൂറോളം പേർ തട്ടിപ്പിനിരയായെന്നും, ചിലർക്ക് ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വ്യാപാരിയായ അജ്മൽ മുക്കം നൽകിയ പരാതിയിലാണ് ചിട്ടിക്കമ്പനി ഉടമകളായ നിലമ്പൂർ സ്വദേശികളായ സന്തോഷ്, മുബഷിർ എന്നിവർക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തത്. പിന്നീട്, കൂടുതൽ പരാതികൾ ലഭിച്ചതോടെ ഇതേ എഫ്.ഐ.ആറിൽ പരാതിക്കാരുടെ പേര് കൂട്ടിച്ചേർക്കുകയായിരുന്നു.
പൊലീസ് നടത്തുന്ന അന്വേഷണത്തിൽ കമ്പനിയുടെ മറ്റ് ശാഖകളിലും റെയ്ഡുകൾ നടത്താനുള്ള സാധ്യതയുണ്ട്. തട്ടിപ്പിൽ ഏർപ്പെട്ട പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.