കോഴിക്കോട് തിരുവമ്പാടിയിൽ കാളിയംപുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. രണ്ട് സ്ത്രീകൾ ആണ് മരിച്ചത് അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പുല്ലൂരാമ്പാറ കാളിയംപുഴയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ആനക്കാംപൊയിൽ നിന്നും തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് തലകീഴായി മറിഞ്ഞു. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെന്നാണ് വിവരം.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സ്, പോലീസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പരിക്കേറ്റവരെ മുക്കം ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നു. രണ്ട് ക്രൈയിനുകൾ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്.