മലയാള സിനിമയിലെ അനശ്വര വില്ലൻ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
കാഞ്ഞിരംകുളം സ്വദേശിയായ മോഹൻരാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
സുഹൃത്തു കൂടിയായ സംവിധായകൻ കലാധരനാണ് മോഹൻരാജിനെ സിബി മലയിലിനും ലോഹിതദാസിനും പരിചയപ്പെടുത്തിയത്. ‘കിരീട’ത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാനിരുന്ന നടൻ എത്താതിരുന്നതിനെ തുടർന്ന് മോഹൻരാജിന് നറുക്കു വീണു. അതു വഴിത്തിരിവായി. മലയാള സിനിമ കണ്ട എക്കാലത്തെയും ഗംഭീരവില്ലന്മാരിലൊരാളായി കീരിക്കാടൻ ജോസ്. അതോടെ മോഹൻരാജിന്റെ ജീവിതവും മാറി. മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനായി.
കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സിനിമയിലഭിനയിക്കാൻ സർക്കാരിൽനിന്ന് അനുവാദം വാങ്ങേണ്ടിയിരുന്നു. അതില്ലാതെയാണ് മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. അതിന്റെ പേരിൽ സസ്പെൻഷൻ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനു ശേഷമാണ്. 2010 ൽ ജോലി തിരികെ ലഭിച്ചെങ്കിലും പിന്നീടു രാജി വച്ചു. പട്ടാളത്തിലായിരിക്കെ കാൽമുട്ടിനേറ്റ പരുക്ക് പിൽക്കാലത്ത് അലട്ടിയിരുന്നു.
കിരീടം, ചെങ്കോൽ, കനൽക്കാറ്റ്, മറുപുറം, ആമിനാ ടെയ്‌ലേഴ്‌സ്, നരസിംഹം, ആറാംതമ്പുരാൻ, മായാവി, മിമിക്സ് പരേഡ് തുടങ്ങിയവയാണ് മോഹൻ രാജിന്റെ പ്രധാന ചിത്രങ്ങൾ. ഭാര്യ: ഉഷ. മക്കൾ: ജയ്ഷ്മ, കാവ്യ.
മോഹൻ രാജിന്റെ വിയോഗത്തിൽ സിനിമാലോകം അനുശോചിച്ചു.