മുക്കം കാരശ്ശേരിയിലെ ഒരു ഐസ്ക്രീം സ്ഥാപനത്തിന് 25,000 രൂപ പിഴ. സാക്കറിൻ സോഡിയം എന്ന കൃത്രിമ മധുരം ചേർത്ത ഐസ് കാൻഡി നിർമ്മിച്ച് വിൽപ്പന നടത്തിയതിനാണ് താമരശ്ശേരി ഒന്നാം ക്ലാസ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്.
2016 മാർച്ചിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഈ കേസിലേക്ക് വഴി തുറന്നത്. സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ഐസ് കാൻഡി സാമ്പിൾ കോഴിക്കോട് മലാപ്പറമ്പിലെ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം മനുഷ്യജീവന് ഹാനികരമാണെന്ന് സൂചിപ്പിച്ചു, സാമ്പിളിൽ സാക്കറിൻ സോഡിയം കണ്ടെത്തി.
ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്സ് നിയന്ത്രണം 2011 പ്രകാരം ഐസ് കാൻഡി, ഐസ് ക്രീം മുതലായവയിൽ സക്കാരിൻ സോഡിയം പോലുള്ള കൃത്രിമ മധുരം ചേർക്കാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ ഇത്തരത്തിലുള്ള കേസുകൾ നിരവധിയാണ്. നിയമ വിരുദ്ധമായി കൃത്രിമ നിറം ചേർത്തതിന് 150ലധികം പ്രോസിക്യൂഷൻ കേസുകൾ വിവിധ കോടതികളിലായി നടന്നുവരികയാണ്.