താമരശ്ശേരിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കമ്മാളന്‍കുന്നത്ത് താമസിക്കുന്ന എം രാമചന്ദ്രൻ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുൻ സ്റ്റോർ സൂപ്രണ്ടും ഫാർമസിസ്റ്റുമായിരുന്ന രാമചന്ദ്രൻ നിലവിൽ കോടഞ്ചേരിയിൽ ജൻ ഔഷധി ഷോപ്പ് നടത്തി വരികയായിരുന്നു.
ശനിയാഴ്ച മുതൽ കടയിൽ വരാതായതോടെ ജീവനക്കാർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ വീട്ടിനുള്ളിൽ കയറി പരിശോധിച്ച സമയത്താണ് മൃതദേഹം കണ്ടെത്തിയത്. രക്തം ഛർദ്ദിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
പിന്നീട് മെഡിക്കൽ ഷോപ്പ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വാസന്തിയാണ് രാമചന്ദ്രൻ നായരുടെ ഭാര്യ. മകൾ: സിമി.
മരണകാരണം ഇതുവരെ അറിയില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചത്.