Trending

അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയത് കണ്ണീർ പൊഴിക്കുന്ന ഓർമ്മകൾ


കർവാർ: 72 ദിവസത്തെ ദുഃഖകരമായ കാത്തിരിപ്പിനൊടുവിൽ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് കരക്കെത്തിച്ചു. എന്നാൽ, ലോറിയിൽ നിന്നും കണ്ടെത്തിയത് അർജുന്റെ വസ്തുക്കളും അവശേഷിക്കുന്ന ചില ഓർമ്മകളുമായിരുന്നു.

ലോറിയിൽ നിന്ന് അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെത്തിയത്. അർജുന്റെ മകന്റെ കളിപ്പാട്ടവും ലോറിയിൽ ഉണ്ടായിരുന്നു. ഈ കളിപ്പാട്ടം ലോറിയിൽ കാബിന് മുന്നിൽ വെച്ചാണ് അർജുൻ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അർജുൻ വാങ്ങി നൽകിയതായിരുന്നു ഇതെന്ന് അനിയൻ അഭിജിത്ത് പറഞ്ഞു.

ഇന്നലെ വൈകുന്നേരത്തോടെയാണ് അർജുന്റെ ശരീരഭാ​ഗങ്ങളും ലോറിയും ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ലോറി പൂർണമായും കരക്കെത്തിച്ചത്. ലോറിയുടെ ക്യാബിനിൽ നിന്നും അസ്ഥികളും അർജുൻ ഉപയോഗിച്ചിരുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു.

അർജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനൽകും. മൃതദേഹത്തെ കർണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. നാളെ ഉച്ചയോടെ ഡിഎൻഎ പരിശോധനാ ഫലം എത്തും. കാര്‍വാര്‍ ആശുപത്രിയിലുള്ള മൃതദേഹത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോറിയിൽ നിന്നും അർജുൻ ഉപയോഗിച്ച ഓരോ വസ്തുക്കളും നോക്കി പെറുക്കിയെടുക്കുന്ന അർജുന്റെ സഹോദരീഭർത്താവ് ജിതിനും അനിയൻ അഭിജിത്തും അവിടുത്തെ ചങ്കുലയ്ക്കുന്ന കാഴ്ചയായി മാറുന്നു. ഒന്നും വിടാതെ വീട്ടിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞിട്ടുള്ളത്. പ്രിയപ്പെട്ടതെല്ലാം ബാക്കിവെച്ച് പ്രിയപ്പെട്ടവരെ തനിച്ചാക്കി കണ്ണാടിക്കൽ വീട്ടിലേക്ക് ചേതനയറ്റ് തിരികെ വരാനൊരുങ്ങുകയാണ് അർജുൻ.

Post a Comment

Previous Post Next Post